Australian Malayalee News ->
ബാങ്കുകളുടെയും, ബിസിനസ്സ് സ്‌ഥാപനങ്ങളുടെയും എതിർപ്പുകൾക്കിടയിലും രാജ്യത്തെ ക്രഡിറ്റ് ഡെബിറ്റ് കാർഡുകളിൽ നിന്നും ഈടാക്കിയിരുന്ന സർചാർജ് നിർത്തലാക്കുവാൻ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തീരുമാനിച്ചു. പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. ഒരു വർഷം 1.6 ബില്യൺ ഡോളർ ജനങ്ങൾക്ക് ലാഭിക്കാനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് നേരിട്ട് ജനങ്ങൾക്ക് ലഭിക്കുമെന്ന ആശ്വാസവുമുണ്ട്. റിസർവ് ബാങ്ക് തീരുമാനം ആറു മാസത്തിനകം രാജ്യത്ത് പ്രാബല്യത്തിൽ വരും.
ഇതോടൊപ്പം ബാങ്കുകൾ ഈടാക്കിയിരുന്ന ഇന്റർചേഞ്ച് ഫീസിലും ഇളവ് വരുത്തിയിട്ടുണ്ട്. നിലവിലുള്ള 0.8 ശതമാനത്തിൽ നിന്നും 0.3 ശതമാനത്തിലേക്ക് ഇത് പരിമിതപ്പെടുത്തുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഇതുവഴി ബാങ്കുകൾ ഈടാക്കിയിരുന്ന 660 മില്യൺ ഡോളർ ഉപഭോക്താക്കൾക്ക് ഒരു വർഷം ലാഭിക്കാനാവും.
പുതിയ തീരുമാനങ്ങൾ രാജ്യത്തെ സാധാരണക്കാരായ ആളുകൾക്ക് തങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുവാൻ ഉപകാരപ്രദമാകുമെന്നും, ജനങ്ങളുടെ സാമ്പത്തിക സുസ്‌ഥിരതക്കായി ലേബർ ഗവണ്മെന്റ് കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ട്രഷറർ ജിം ചാൽമേഴ്‌സ് അറിയിച്ചു.
പുതിയ തീരുമാനത്തോട് പക്ഷെ ബാങ്കുകൾ അനുഭാവപൂർണ്ണമല്ല പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ നഷ്ടം നികത്തുവാൻ മറ്റു മാർഗ്ഗങ്ങൾ അവലംഭിക്കുവാൻ അവർ തയ്യാറായേക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കാർഡുകളുടെ വാർഷിക ഫീസ് ഉയർത്തുകയോ, നൽകിവന്നിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചോ ഈ പ്രതിസന്ധി അവർ മറികടക്കുവാൻ ശ്രമിച്ചാൽ ആ ബാധ്യത ജനങ്ങളെ ബാധിക്കുവാൻ ഇടയാക്കിയേക്കും. അതുപോലെ കാർഡുകൾ നല്കിവന്നിരുന്ന ലോയൽറ്റി ആനുകൂല്യങ്ങൾ കുറച്ച് നഷ്ടം നികത്തുവാനും ബാങ്കുകൾ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.