Australian Malayalee News ->
ഓസ്ട്രേലിയയിൽ മെഡികെയർ സംവിധാനത്തിൽ കോടിക്കണക്കിന് ഡോളർ ആവശ്യക്കാരില്ലാതെ കിടക്കുന്നതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയൻ നിയമമനുസരിച്ച് ഒരു ഡോക്ടറുടെ സേവനം തേടുന്ന ആളിൽ നിന്നും സർക്കാർ സ്വീകരിക്കുന്ന ഫീസ് നിശ്ചിത ശതമാനം തിരികെ ലഭിക്കുവാൻ രോഗിക്ക് അവകാശമുണ്ട്. ഈ തുകയാണ് പലരും മേടിക്കാതെ പാഴായിപ്പോകുന്നത്.
ഇതിനായി മൈ ഗോവ് (my gov) അക്കൗണ്ടിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടതായുണ്ട്. ഇത് കൃത്യമായി നൽകാത്തവരുടെ തുകയാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണുമ്പോഴോ, മറ്റ് ടെസ്റ്റുകൾക്ക് ഫീസ് നൽകുമ്പോഴോ, ആരോഗ്യമേഖലയിലെ മറ്റ് സേവനങ്ങൾക്കുവേണ്ടിയോ നമ്മൾ നൽകുന്ന ഫീസിനത്തിൽ സർക്കാർ നൽകുന്ന സബ്‌സിഡി തുകയാണ് ഉപഭോക്താക്കളുടെ അനാസ്‌ഥയെ തുടർന്ന് ഇങ്ങനെ പാഴായിപ്പോകുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം ഒരാൾക്ക് ശരാശരി 280 ഡോളർ വീതം മെഡികെയർ ഫണ്ട് നൽകാനാവാതെ കിടക്കുകയാണ്. ഇതിൽ 10000 ഡോളറിൽ കൂടുതൽ ലഭിക്കുവാനുള്ളവർ പോലുമുണ്ട്. ഇതുവരെ myGov-അക്കൗണ്ടിൽ ബാങ്ക് ഡീറ്റെയിൽസ് രജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ അവർക്ക് ലഭിക്കുവാനുള്ള മെഡികെയർ റീം പെഴ്സ്മെന്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല. അതിനാൽ ആരെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാതെയുണ്ടെങ്കിൽ എത്രയും വേഗം തങ്ങളുടെ മെഡി കെയർ അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്ത് കുടിശിഖ തുക കരസ്‌ഥമാക്കാവുന്നതാണെന്ന് സർക്കാർ അറിയിച്ചു.