കാൻബറ: ലോകമെമ്പാടും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി അംഗീകരിക്കപ്പെട്ട ‘ലൈം ഡിസീസ്’ (Lyme disease) ഓസ്‌ട്രേലിയയിൽ വൻ വിവാദമാകുന്നു. എട്ടുക്കാലി വർഗ്ഗത്തിൽപ്പെട്ട ഉണ്ണികളുടെ (Tick) കടിയേറ്റാൽ പടരുന്ന ഈ രോഗം സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജസ്റ്റിൻ ബീബർ, അവ്‌റിൽ ലവിഗ്നെ, ബെല്ല ഹാഡിഡ് തുടങ്ങിയ പ്രശസ്തർ തങ്ങൾ ഈ രോഗബാധിതരാണെന്ന് വെളിപ്പെടുത്തിയതോടെ അന്താരാഷ്ട്രതലത്തിൽ ഇതിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു.
എന്നാൽ, ഓസ്‌ട്രേലിയൻ മണ്ണിൽ ഇത്തരമൊരു രോഗമില്ലെന്ന കർശന നിലപാടിലാണ് ഫെഡറൽ സർക്കാർ ഇപ്പോഴും തുടരുന്നത്. ഓസ്‌ട്രേലിയയിലെ മൃഗങ്ങളിലോ ഉണ്ണികളിലോ ഈ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ടെന്ന് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് സർക്കാരിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സെനറ്റ് അന്വേഷണങ്ങൾ നടന്നിട്ടും ഔദ്യോഗിക നിലപാടിൽ മാറ്റമുണ്ടായിട്ടില്ല.





