Australian Malayalee News ->
സിഡ്‌നി : ഈദുൽ ഫിത്തർ ആഘോഷിക്കുന്ന രാജ്യത്തെ വിശ്വാസിസമൂഹത്തിന് പെരുന്നാൾ ആശംസകൾ നേരാൻ എത്തിയ രാജ്യത്തെ പ്രധാനമന്ത്രിയെ പോലും കൂവി വിളിച്ച് ഓടിക്കുവാൻ മതഭ്രാന്തന്മാർ തയ്യാറായിരിക്കുന്നു. സിഡ്‌നിയിലെ ലകേമ്പ മോസ്കിലാണ് ഈദ് ചടങ്ങിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി ആന്റണി ആൽബണിസിയും, ആഭ്യന്തര മന്ത്രി ടോണി ബർക്കും എത്തിയത്.
പ്രാർഥനാ ചടങ്ങുകൾക്ക് ശേഷം ലബനീസ് മുസ്ലിം അസോസിയേഷൻ ഭാരവാഹി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വേദിയിൽനിന്നും ഒരുപറ്റം ആളുകൾ എഴുനേറ്റുനിന്ന് പ്രധാനമന്ത്രിയെ അസഭ്യം പറയുകയും, വംശഹത്യയെ അനുകൂലിക്കുന്നവർക്ക് ഇവിടെ സ്‌ഥാനമില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. പ്രതിഷേധക്കാരെ ശാന്തരാക്കുവാൻ ശ്രമിച്ചെങ്കിലും സംഭവം കൈവിട്ടുപോകുമെന്ന ഭീതിയിൽ സുരക്ഷാ ജീവനക്കാർ എത്തി പ്രധാനമന്ത്രിയെയും, ആഭ്യന്തരമന്ത്രിയെയും പെട്ടെന്ന് പള്ളിയിൽ നിന്നും പുറത്തിറക്കി. തുടർന്ന് പ്രതിഷേധക്കാർ പിന്തുടർന്ന് കൂവി വിളിച്ച് അസഭ്യം പറഞ്ഞ് അവരെ ഓടിച്ച് വിടുകയായിരുന്നു.
സംഭവത്തെ തുടർന്ന് രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്. എല്ലാ മതസ്‌ഥരുടെയും ആരാധനക്കും, അവരുടെ വിശ്വാസങ്ങൾക്കും എന്നും വിലകല്പിക്കുന്ന ഓസ്‌ട്രേലിയയിൽ പോലും മത ഭ്രാന്തന്മാരുടെ ആക്രോശങ്ങൾ ഭരണാധികാരികൾക്ക് നേരെ പോലും ഉയരുന്നത് രാജ്യത്ത് മോശം സന്ദേശമാണ് നൽകുന്നതെന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്.
