രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഇതിനു മുൻപും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ വർഷത്തെ പണാപഹരണത്തിന്റെ കണക്കുകൾ ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ പുറത്തുവിട്ടപ്പോളാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി പുറംലോകമറിയുന്നത്.
കണക്കുകൾ പ്രകാരം നിക്ഷേപ തട്ടിപ്പുകൾ വഴി 837.7 മില്യൺ ഡോളറിന്റെ നഷ്ടവും, പേയ്‌മെന്റ് റീഡയറക്ഷൻ തട്ടിപ്പുകൾ വഴി 166.8 മില്യൺ ഡോളറും, പ്രണയം നടിച്ചുള്ള തട്ടിപ്പുകൾ വഴി 139.9 മില്യൺ ഡോളറും, ഫിഷിംഗ് തട്ടിപ്പുകൾ വഴി 97.6 മില്യൺ ഡോളറും, റിമോട്ട് ആക്‌സസ് തട്ടിപ്പുകൾ വഴി 69.9 മില്യൺ ഡോളറും നഷ്ടമുണ്ടായി. 2025- ലെ ആകെ നഷ്ടങ്ങളുടെ 60 ശതമാനവും ഈ അഞ്ച് തരത്തിലുള്ള തട്ടിപ്പുകളിൽ നിന്നുള്ള സാമ്പത്തിക നഷ്ടങ്ങളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ രണ്ടാമതൊന്നുകൂടി ആലോചിച്ച് ഉറപ്പുവരുത്തിയതിനു ശേഷമേ പണമിടപാടുകളിൽ ഏർപ്പെടാവൂ എന്നും, സുതാര്യത ഉറപ്പാക്കുവാൻ ഒന്നിലേറെ ഓൺലൈൻ സുരക്ഷിത സംവിധാനങ്ങൾ ബാങ്ക് അക്കൗണ്ടുകളുമായി ഉൾക്കൊള്ളിക്കണമെന്നും ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.






